ചെറുതോണി: മയക്കുമരുന്നിനും മൊബൈൽ ഫോണിനും ലാപ്ടോപ്പിനുമൊക്കെ അടിമപ്പെടാതെ വ്യക്തിത്വം കാത്തുസൂക്ഷിക്കുന്നതോടൊപ്പം മറ്റുള്ള കുട്ടികൾക്കും സമൂഹത്തിനും വേണ്ടി ബ്രാൻഡ് അംബാസഡർമാരായി ഓരോ കുട്ടിയും പ്രവർത്തിക്കണമെന്ന് ജില്ലാ പോലീസ് മേധാവി കെ.എം. സാബു മാത്യു.
ഇടുക്കി സോഷ്യൽ പോലീസിംഗിന്റെ ആഭിമുഖ്യത്തിൽ എസ്പിസി കുട്ടികൾക്കായി ഇടുക്കി ഡി അഡിക്ഷൻ സെന്ററിന്റെ നേതൃത്വത്തിൽ നടത്തിയ ഏകദിന പരിശീലനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പൈനാവ് ഏകലവ്യ മോഡൽ റസിഡൻഷൽ സ്കൂളിൽ ചേർന്ന യോഗത്തിൽ അഡീഷണൽ ജില്ലാ പോലീസ് സൂപ്രണ്ട് ഇമ്മാനുവൽ പോൾ അധ്യക്ഷത വഹിച്ചു. ഇടുക്കി ഡിവൈഎസ്പി പി.എസ്. ഷിജു മുഖ്യപ്രഭാഷണം നടത്തി.
എസ്പിസി മോട്ടിവേഷൻ ഇൻസ്പെക്ടർ അജി അരവിന്ദ്, സോഷ്യൽ പോലീസിംഗ് ഓഫീസർ സജി ജോൺ, എംആർഎസ് പ്രിൻസിപ്പൽ മധുസുധനൻ, സോഷ്യൽ പോലീസിംഗ് കോഒാഡിനേറ്റർ ധന്യ മോഹൻ എന്നിവർ പ്രസംഗിച്ചു.
ഇടുക്കി ഡി അഡിക്ഷൻ സെന്റർ പ്രോജക്ട് കോ-ഓർഡിനേറ്റർ പി.കെ. സജിൻ, തൂഫാൻ ഓപ്പറേഷൻ പ്രോജക്ട് കോ-ഓർഡിനേറ്റർ സി.ആർ. സന്തോഷ് എന്നിവർ കുട്ടികൾക്ക് വിവിധ വിഷയങ്ങളിൽ ക്ലാസുകളെടുത്തു.